ചൊവ്വാഴ്ച, ഡിസംബർ 27

പുകയുന്ന പെണ്ണ്....

(സുഹൃത്തുക്കളെ...ഈ കഥ "ബൂലോകം കഥാ മത്സരത്തില്‍ നിന്നും" നിര്‍ദയം പുകച്ചു പുറത്തു ചാടിച്ച.....ചവിട്ടി ഞെരിച്ച കഥയാണ്.അവരുടെ ചവറ്റുകൊട്ടയില്‍ നിന്നും ഞാന്‍ എടുത്തു ഇവിടെ പോസ്റ്റുന്നു.അഭിപ്രായം വോട്ട് ആയി തരണം....എന്നെ ദയവായി "പുറകില്‍ നിന്ന് ഒന്നാമത് "ആക്കി വിജയിപ്പിക്കണമെന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു)
                                                 പുകയുന്ന പെണ്ണ്....



 സാമാന്യമായി  ഇന്നത്തെ ദിനം അവള്‍ക്ക് ഒരു  പുതിയ  ദിവസമല്ല ; എന്നാല്‍ സാങ്കേതികമായി ആണു താനും."ഇന്ന് അവള്‍  മരിക്കേണ്ട  ദിവസം".മരണം  മുന്നില്‍  കണ്ടു  കൊണ്ടുള്ള  കാത്തിരിപ്പ്  വേളയാണ് സമയത്തെ  പല  ഖണ്ഡങ്ങള്‍  ആയി  വിഭജിച്ചിരിക്കുന്നതിനെ  അപഗ്രഥിക്കാന്‍  ഏറ്റവും  പറ്റിയ  സമയമെന്ന് അവള്‍ക്ക് തോന്നി.ഒരു ദിവസം  ഇരുപത്തി നാല്  മണിക്കൂര്‍.ഒരു  മണിക്കൂറിനു  അയ്യഞ്ചു  ഖണ്ഡങ്ങള്‍ ആക്കിയ അറുപതു  മിനിട്ട് …ഒരു  മിനിട്ടിനു  അറുപതു  സെക്കന്റ്‌ .ഒരു  സെക്കന്റ്‌ ഇന്…ആയിരം മില്ലി സെക്കന്റ്‌...മില്ല്യന്‍ മൈക്രോ സെക്കന്റ്‌ എന്നിങ്ങനെ...ഒരു ദിവസത്തിന്‍റെ കൊഴിഞ്ഞു പോക്കില്‍ അവളോടൊപ്പം ഉണ്ടായിരുന്ന മറ്റു ഒന്‍പതു പേരും ഇതിനോടകം വിട പറഞ്ഞു.അവരെ കൊന്നു എന്ന് പറയുന്നതിനേക്കാള്‍ അരമുരയുന്ന ശബ്ദവും ,കറുത്ത ചുണ്ടുകളും കാരിരുമ്പിന്റെ കരുത്തുമുള്ള അയാളുടെ കൈകള്‍ അവരെ ആവോളം ആസ്വദിച്ചശേഷം കശക്കി എറിഞ്ഞു എന്ന് പറയുന്നതായിരിക്കും ശരി.വായു പോലും കടക്കാതെ അടച്ചിട്ട...ഭംഗിയായി അലങ്കരിച്ച ..ആകര്‍ഷണീയമായ കിടപ്പുമുറിയില്‍,മൃദുലമായ...തിളങ്ങുന്ന വിരിപ്പാവില്‍ ഒന്ന് പ്രതിഷേടിക്കാന്‍ പോലും കഴിയാതെ നിശ്ചലമായി... നിര്‍വികാരമായി അവള്‍ തന്‍റെ ഊഴം കാത്ത് കിടന്നു.

                         വികസിത രാഷ്ട്രങ്ങളുടെ സമൂഹത്തില്‍ നിന്ന് തിരസ്കരിക്കപെട്ട അവള്‍ മൂന്നാം ലോക  രാജ്യങ്ങളിലെ  സാധാരണക്കാരായ ചെറുപ്പക്കാരുടെ ആരാധനാ കഥാപാത്രമായിരുന്നു.ബഹുരാഷ്ട്ര  കുത്തകകളുടെ  അരുമ  സന്താനമായിരുന്ന അവള്‍  കലാ -കായിക  താരങ്ങളുടെ  കൈ  വിരല്‍ത്തുമ്പിലൂടെ  പ്രശസ്തി  നേടി.വിവിധ  വര്‍ണങ്ങളിലും  വേഷങ്ങളിലും  ആകാരത്തിലും  അണിയിച്ചൊരുക്കി  അവളെ  അവര്‍  കബോളത്തിലെത്തിച്ചു.വില്പനച്ചരക്കായ അവളുടെ നോട്ടം അവളെ  ഉപയോഗിക്കുന്നവരെക്കാള്‍  ഉപയോഗിച്ച്  തുടങ്ങിയവരിലും ഉപയോഗിക്കാന്‍ തുടങ്ങുന്നവരിലും ആയിരുന്നു.കാരിരുമ്പിന്റെ  കരുത്തുള്ള   യുവ തലമുറയുടെ വിരല്‍ ത്തുമ്പില്‍  വെളുത്തു കൊലുന്നനെ  ഉള്ള  അവള്‍ അഭിമാനപൂര്‍വം ഞെളിഞ്ഞിരുന്നു.അവള്‍  വിരല്‍ തുമ്പില്‍  ഇല്ലെങ്കില്‍ പദവിയും  പത്രാസും  കുറയും  എന്ന   മിഥ്യാ ധാരണയോടെ  അവളുടെ ബന്ധുക്കളായ  ഉന്നത  സ്ഥാനീയരില്‍ അടിമപെട്ട് മുതലാളി വര്‍ഗ്ഗം  ഉറങ്ങാതെ ആയിരത്തൊന്നു രാവുകള്‍ കിനാവ്‌ കണ്ടു.വീറും വിപ്ലവവും  കൈമുതലായുള്ള   തൊഴിലാളി വര്‍ഗ്ഗം  പോലും  ഉണക്കില  തെറുത്തുടുത്ത  അവളുടെ  പരിഷ്കാരമില്ലാത്ത  പൂര്‍വികരെ  വിസ്മരിച്ച് അഴുക്കുള്ള ചേരിയിലെ ഇടുങ്ങിയ മുറിയില്‍ അവളുടെ  വെളുത്ത  പുടവയില്‍ മയങ്ങി വീണു.അവളെ  ഒരിക്കലെങ്കിലും ഉപയോഗിച്ചവര്‍ക്ക് അവള്‍ ഒരിക്കലും ഒഴിച്ച് കൂടാന്‍ വയ്യാത്ത ശീലമായി മാറുന്നത്, ഒരു ലഹരിയായി അവരുടെ സിരകളിലേക്ക് പടര്‍ന്നു കയറുന്ന വേളയില്‍ അവള്‍ ഗൂഡമായ സംതൃപ്തിയോടെ തിരിച്ചറിയുന്നുണ്ടായിരുന്നു.ആ തിരിച്ചറിവിന്റെ നിറവിലും അവള്‍ കണ്ണഞ്ചിപ്പിക്കുന്ന വിവിധ വേഷത്തിലും ആകാരത്തിലും,അനുഭൂതിയിലും അവരെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു.

          തികച്ചും  അപ്രതീക്ഷിതമായാണ് അവള്‍ അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്.പണ്ടേ അവളെ നിത്യവും കണ്ടിട്ടും, പൊടിമീശകാലത്ത് അവളെക്കുറിച്ച് കൂട്ടുകാര്‍വര്‍ണിച്ചപ്പോഴോ,കൌമാരത്തിന്റെ കൂതൂഹലതയിലോ,യൌവനത്തിന്‍റെ സൂര്യശോഭയിലോ അവളെ അറിയാനായി ഒരിക്കല്‍ പോലും അയാള്‍ ശ്രെമിച്ചിരുന്നില്ല.ഉറക്കമില്ലാതെ എഴുതികൂട്ടിയ അക്ഷരങ്ങളിലൂടെ അയാളിലെ എഴുത്തുകാരന്‍ഉറങ്ങാതിരുന്ന രാവുകളില്‍ ചാറ്റല്‍ മഴപോലെ വന്ന പ്രണയം ദിശ മാറി പെയ്തെന്ന മൂഡചിന്തയിലാണ് ഗര്‍ഭിണിയായ ഭാര്യ പിണങ്ങിപോയത്.ദുഖവും രോഷവും ഇഴപിരിഞ്ഞു ചേര്‍ന്ന ഉറക്കം വരാതിരുന്ന രാത്രിയിലാണ് അയാള്‍ ജീവിത്തിലാദ്യമായി അവളെ കുറിച്ച്ചിന്തിച്ചത്.താടി നീട്ടിയ ശോകഭരിതമായ മുഖവും,ആരെയും തോല്‍പിക്കുന്ന തത്ത്വ  ശാസ്ത്രങ്ങളും,ആശയങ്ങളോട് അടിപതറാത്ത നിലപാടും,തീവ്ര പ്രതികരണവും,അയഞ്ഞ  കുപ്പായ  കീശയില്‍   ഒളിപ്പിച്ച ആ ബുദ്ധിജീവിയുടെ  സന്തത സഹചാരിയായി  അങ്ങനെ അവള്‍  മാറി.ക്രമേണ അവള്‍ അവന്‍റെ തലച്ചോറില്‍  പുതിയ  കച്ചവട  സമീപനത്തിന്റെ  ലാഭ ചിന്തകളിലൂടെ  മന്ദം  മന്ദം  കടന്നു  വന്നു.

ഇന്നലെ വന്ന ഒരു ഫോണ്‍ കാള്‍ ആണ് അയാളെ ഇത്രയേറെ അസ്വസ്ഥനാക്കിയത്.അയാള്‍ അനുഭവിക്കുന്നത് സന്തോഷമോ സങ്കടമോ എന്ന് അവള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല...ആ വാര്‍ത്ത സൃഷ്‌ടിച്ച വികാര വിക്ഷോഭങ്ങളുടെ ബഹിര്‍സ്ഫുരണമായിരിക്കണം രാവിലെ മുതല്‍ എണ്ണം തെറ്റാതെ ഒന്പത് പേരില്‍ അയാളിലെ ഭ്രാന്ത് ഒരു ചങ്ങല പോലെ എരിഞ്ഞടങ്ങിയത്.ഇനി ഇതാ പത്താമത്തെ ഇരയായ അവള്‍ മരണം കാത്ത് അയാളുടെ എഴുത്ത് മേശയുടെ മുകളില്‍ അനങ്ങാതെ കിടക്കുന്നു.നീണ്ട  ഉറക്കത്തിനുള്ള  സമയം  അടുത്തിരിക്കെ  ഇനിയൊരു  ഇടയുറക്കം എന്തിനാണ് ?ചക്രവര്‍ത്തിനിയാകാന്‍  പോകുന്ന നേരത്ത്  അര്‍ദ്ധരാജ്യത്തിന്‌ വേണ്ടി  കാമിക്കുന്നതെന്തിനു?

എങ്കിലും ആകെ ഒരു പ്രതീക്ഷ ഉള്ളത് അയാളുടെ പിണങ്ങി പോയ ഭാര്യയുടെ തിരിച്ചു വരവാണ്.അവര്‍ വരുന്നതിനു ഇനിയും ഒരു മണിക്കൂര്‍ കൂടി നേരം ഉണ്ട്.നേരിയ പ്രതീക്ഷയോടെ അവള്‍ ചുവരില്‍ തൂക്കിയ പുരാതനമായ ആ ഘടികാരത്തിലേക്ക് നോക്കി കിടന്നു.ഇമ  ചിമ്മുന്ന  നേരം  കാഷ്ഠ. മൂന്നു  കാഷ്ഠയാണ്  ഒരു  കല.മുപ്പതു  കലകള്‍  ചേര്‍ന്നാല്‍  ഒരു  ക്ഷണം.പന്ത്രണ്ടു  ക്ഷണം ഒരു  മുഹൂര്‍ത്തം.മുപ്പതു  മുഹൂര്‍ത്തങ്ങള്‍ ഒരഹോരാത്രം.മുപ്പതു  അഹോരാത്രം  ഒരു  മാസം.രണ്ടു  മാസം ഒരു  ഋതു.മൂന്നു  ഋതുക്കള്‍  ചേര്‍ന്നാല്‍  ഒരയനം.രണ്ടയനം ഒരു സംവത്സരം.പിന്നിടുന്ന ഓരോ നിമിഷവും സംവത്സരത്തിന്റെ ദൈര്‍ഘ്യം പോലെ അവള്‍ക്ക് തോന്നി.അവളുടെ പ്രാര്‍ഥനയുടെ അവസാന നിമിഷത്തില്‍ അയാളുടെ ഭാര്യ എത്തി ചേര്‍ന്നു.കാറില്‍ നിന്ന് അവര്‍ ഇറങ്ങുന്നത് കണ്ട പാടെ അയാള്‍ ധൃതിയില്‍ എഴുത്ത് മേശപുറത്ത്‌ നിന്നും അവളെ വായുകടക്കാത്ത അവളുടെ പഴയ  മുറിയിലേക്ക് എറിഞ്ഞ് മുറി ഭദ്രമായി അടച്ചു വെച്ചു.

  വിനയ വിധേയനായ ഭര്‍ത്താവ് വിരഹത്തിന്‍റെയും പരിഭവത്തിന്റെയും പരാതി പറചിലുകള്‍ക്കൊടുവില്‍,വികാരതീവ്രമായി ഭാര്യയെ പുണരുന്നത് അടച്ചിട്ട മുറിയിലെ ചില്ല് ജാലകത്തിലൂടെ കണ്ട് അവളുടെ കണ്ണുകള്‍ അറിയാതെ ആര്‍ദ്രമായി.അയാളുടെ പിടി വിടുവിച്ചു കുളിച്ചു ഫ്രഷ്‌ ആയി വരാന്‍ ഭാര്യ പോയ നേരം നോക്കി അയാള്‍ ചൂട് പിടിച്ച മനസും ശരീരവുമായി വന്ന് അവളെ അടച്ച മുറി മലര്‍ക്കെ തുറന്നു.അടച്ചിട്ട മുറിയില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയ അവളുടെ ഗന്ധം അവനു ഹരം പകര്‍ന്നു.തപിച്ചു  നീറിയ  അവന്‍റെ  വിരഹത്തിന്‍റെ  സ്വപ്നങ്ങളില്‍  ഹൃദയത്തിന്‍റെ  നേര്‍ക്ക്‌ ആരോ എയ്ത കടുത്ത  വേനല്‍  പോലെ  അവള്‍  കത്തി  കയറി.അവസാന  യാമത്തില്‍  ഉണര്‍ന്നു  കത്തിയ  അവളെ  വിറയ്ക്കുന്ന  ശോഷിച്ച  രണ്ടു വിരല്‍  കൊണ്ട്  ചേര്‍ത്തു  പിടിച്ച്  ചുണ്ടോടടുപ്പിച്ചപ്പോഴേക്കും അവന്‍  ചുമക്കാന്‍  തുടങ്ങി.അവള്‍  ജ്വലിക്കുന്ന  തീക്കനല്‍  പോലെ  അവന്‍റെ  ചിന്തകളെയും,കാടിന് തീപിടിച്ച പോലെ അയാളുടെ വിരലുകളെയും  പൊള്ളിച്ചപ്പോള്‍ അവസാനമായി  അവളെ  തന്നിലേക്ക് ഒരിക്കല്‍ കൂടി ആവാഹിച്ച  നിമിഷമാണ് അത് സംഭവിച്ചത്.അയാളുടെ ചുമ കേട്ട് ഒരു കാറ്റുപോലെ വന്ന അയാളുടെ ഭാര്യ,അയാളുടെ ചുണ്ടില്‍ നിന്നും അവളെ ബലമായി വേര്‍പെടുത്തി മാര്‍ബിള്‍ പാകിയ തറയിലേക്കു വലിച്ചെറിഞ്ഞു കൊണ്ട് ആക്രോശിച്ചു "നിങ്ങളോട് സിഗരറ്റ് വലിക്കരുതെന്ന് ഡോക്ടര്‍ പറഞ്ഞിട്ടില്ലേ മനുഷ്യാ ?"
പുരുഷന്‍റെ പതിവ്  ചേഷ്ടകള്‍ക്കും നിന്ദക്കും പാത്രമായ  അവളുടെ  സ്ത്രീത്വം  അമര്‍ഷം  പൂണ്ടു പുകഞ്ഞുയര്‍ന്നപ്പോള്‍ നടന്നു  തേഞ്ഞ  തന്‍റെ  പഴകിയ  ചെരിപ്പു കൊണ്ട്  അവനവളെ  ചവിട്ടി  ഞെരിച്ചു നിശ്ചലമാക്കി.

   (ബൂലോകത്ത് കഥാ  മത്സരം
നടക്കുന്നു...http://www.boolokamonline.com/archives/31314എല്ലാവരും അവിടെ പോയി കഥകള്‍ വായിച്ച് വോട്ട് ചെയ്തു നിങ്ങളുടെ പ്രാതിനിധ്യം അറിയിക്കുക....മികച്ച സര്‍ഗവസന്തങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ഓരോരുത്തരും പങ്കാളിയാകുക).



ശനിയാഴ്‌ച, ഡിസംബർ 24

മത്സ്യഗവേഷണം- ഒരു കാ(ലി)ക ചിന്ത


കരുതലോടെ പിടിച്ചിട്ടും..... 
കൈവെള്ളയില്‍ നിന്നും വഴുതിപോയ
ഇനിയും പിടികിട്ടാത്ത രസതന്ത്രം!
വരാല്‍ പഠിപ്പിച്ച  ഗ്രഹപാഠം      
വഴുതലിന്റെ കാന്തികശക്തി
ബയോ-കെമിസ്ട്രി-ഒരു പ്രണയബിരുദം!

സര്‍ഗ ഭാവനയുടെ നീര്‍ കയത്തില്‍ 
മുങ്ങിയെടുത്ത പിടക്കും തീം-മാല്‍
എഴുത്തുമേശയിലെ ഭാവന മണക്കും 
അത്യന്തം അപൂര്‍വമാം വിഭവം!
എരിവും പുളിയും ഇത്തിരി കൂട്ടി 
സായിപ്പിന്‍റെ ഭാഷയില്‍ ഒരു മാസ്റ്റെര്ഴ്സ്!

ഉറങ്ങുന്നവരെ ഉണര്‍ത്താം ...
ഉറക്കം നടിക്കുന്നവരെ എങ്ങനെ?
ഉത്തരം തേടി അലഞ്ഞാണ്
കണ്ണ് തുറന്നുറങ്ങുന്ന മത്സ്യങ്ങള്‍ 
അവസാനം ഗവേഷണ വിഷയമായത്!

വ്യാഴാഴ്‌ച, ഡിസംബർ 8

മായാ മരീചിക...

മരുഭൂമിയിലെ ശൂന്യതയില്‍ കണ്ണിന്-
ആര്‍ദ്രമായി നിന്ന  മായാ മരീചികെ..., 
മഴവെള്ളമെന്നു മനസ്സില്‍ കരുതി നിന്നെ കണ്ട്- 
ദൂരെ ഒരു കുട്ടി കളിവഞ്ചി പണിയുന്നുണ്ട്!


മഴയെന്നു കരുതി,നിനവിലും...കനവിലും..  
ചാഞ്ഞും  ചെരിഞ്ഞും ചാറ്റലായ് പിന്നെ- 
ആര്‍ത്തുപെയ്യും ഒരു പെരുമഴക്കാലത്തിന്‍
ഓര്‍മ്മയില്‍ തുന്നുന്നുണ്ട് ഒരു പെണ്ണ് വര്‍ണകുടകള്‍..!!



മിന്നുന്ന കാഴ്ച്ചയത്‌ കണ്ണില്‍ പകര്‍ത്തി 
കൊണ്ടുപോയിട്ടുണ്ട് മറ്റൊരാള്‍ കൂടി,
മരു മലരായി... മഴവെള്ളത്തില്‍ വരച്ച-
വരയെന്നറിയാതെ അടയാളപെടുത്തുന്നുണ്ടവളും !!!


മരുഭൂമിയിലെ ശൂന്യതയില്‍ കണ്ണിന്-
ആര്‍ദ്രമായി നിന്ന  മായാ മരീചികെ..., 
മനസിനെ  മായാവലയത്തില്‍ പെടുത്തി നീ 
ഇനി ഒരുനാളും "മായുകയില്ലല്ലോ മനസ്സില്‍" നിന്നും :)